Call Us
0495 2729500
E-mail Us
info@peoplesfoundation.org

News

പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

06 Feb 2016
സുസ്ഥിര പുരോഗതിക്കായി സേവനത്തിന്‍െറ പുതുവഴി തുറന്ന് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാനതല ഉദ്ഘാടനം നഗര-ന്യൂനപക്ഷ കാര്യ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന എന്‍.ജി.ഒയുടെ ഒൗപചാരിക ഉദ്ഘാടനമാണ് നിര്‍വഹിക്കപ്പെട്ടത്. സര്‍ക്കാര്‍ പദ്ധതികള്‍ പലപ്പോഴും ജനങ്ങളില്‍ എത്താതിരിക്കുമ്പോള്‍ എന്‍.ജി.ഒകളുടെ പങ്ക് സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 1000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇത്തരം സംഘടനകളിലൂടെ വിനിയോഗിക്കുന്നത്. ന്യൂനപക്ഷപദ്ധതികള്‍ നടപ്പാക്കാന്‍ എന്‍.ജി.ഒകളുടെ കഴിവുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ സര്‍ക്കാറിന്‍െറ പദ്ധതികള്‍ താഴെ തട്ടിലത്തെിക്കുന്നതില്‍ പരാജയം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ഇത്തരം ചില പദ്ധതികള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുക്കണം. ജമാഅത്തെ ഇസ്ലാമി ആരംഭിച്ച സംരംഭങ്ങള്‍ എല്ലാം വിജയം കണ്ടിട്ടുണ്ടെന്നും ഈ പദ്ധതിയും ഫലവത്തായിത്തീരുമെന്ന പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. സേവന പ്രവര്‍ത്തനങ്ങളുടെ അടിത്തറതന്നെ മതമായിരിക്കെ സേവന രംഗത്തുള്ള ഇത്തരം സംഘടനകളുടെ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി പറഞ്ഞു. പണമുണ്ടായിട്ടും പരിചരിക്കാന്‍ ആളില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ എണ്ണം കൂടിവരുകയാണ്. സാമൂഹ്യപ്രതിബദ്ധതയുള്ളവര്‍ക്കേ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കൂ. ആളുകള്‍ക്ക് സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയെന്നതല്ല, അവരെ സ്വന്തമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ തയാറാക്കുക എന്നതാണ് സാമൂഹിക ശാക്തീകരണം എന്ന് പറയുന്നത്. ജനസേവനപ്രവര്‍ത്തനങ്ങള്‍ക്ക് ദിശ നിര്‍ണയിക്കുകയും മാതൃകയായിത്തീരുകയുമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍െറ ലക്ഷ്യം. കഴിവുകളെയും അവസരങ്ങളെയും ഉപയോഗപ്പെടുത്താന്‍ വ്യക്തികളെയും സമൂഹത്തെയും സജ്ജമാക്കും. സുതാര്യവും വ്യവസ്ഥാപിതവുമായ രീതിയിലാവും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിറ്റി എംപവര്‍മെന്‍റ് പ്രോഗ്രാം രേഖകള്‍ വഹീദ അബ്ദുല്‍ അസീസിന് കൈമാറി മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ എം.കെ. മുഹമ്മദലി പീപ്പിള്‍സ് ഫൗണ്ടേഷന്‍െറ നയപ്രഖ്യാപനം നടത്തി. നട്ടെല്ല് തകര്‍ന്നവര്‍ക്കുള്ള വീല്‍ചെയര്‍ വിതരണ ഉദ്ഘാടനം ഡോ. പി.സി. അന്‍വര്‍ നിര്‍വഹിച്ചു. നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികളുടെ പരിചരണം നിര്‍വഹിക്കുന്ന സിദ്ദീഖ് കളന്‍തോട് ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി. മുജീബ്റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, എ.കെ. നിഷാദ്, എന്‍ജിനീയര്‍ പി. മമ്മദ് കോയ, സഫിയ അലി, ഖാലിദ് മൂസ നദ്വി എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതവും സി.പി. ഹബീബ്റഹ്മാന്‍ നന്ദിയും പറഞ്ഞു. ഭവനപദ്ധതി, ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, ചികിത്സാ സഹായം, തൊഴില്‍ പദ്ധതി, രക്തദാനം, ലഹരി വിമുക്തി, തൊഴില്‍ മാര്‍ഗനിര്‍ദേശം, കമ്യൂണിറ്റി എംപവര്‍മെന്‍റ്, കുടിവെള്ള പദ്ധതി, മൈക്രോഫിനാന്‍സ്, ദുരന്ത നിവാരണം, നിയമസഹായ വേദി, കൗണ്‍സലിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന് കീഴില്‍ നടക്കുക. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി സഹകരിച്ചും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചുമാണ് പ്രവര്‍ത്തിക്കുക.