അറൈസ് മേപ്പാടി: പുനരധിവാസത്തിലെ പീപ്പിൾസ് ഫൗണ്ടേഷൻ മാതൃക

Picture of <span>M. Abdul Majeed</span>

M. Abdul Majeed

ചൂരൽമല – മുണ്ടക്കൈ ഉരുൾ ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങൾ മാനവികതയും കൂട്ടായ്മയുടെ ശക്തിയും തെളിയിച്ച ഒരു മഹത് മാതൃകയായിരുന്നു. പിന്നീട് നടപ്പാക്കേണ്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇത് ശക്തമായ അടിത്തറയായി. രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം വഹിച്ച ഒരു സംഘമാണ് പീപ്പിൾസ് ഫൗണ്ടേഷൻ. ഐഡിയൽ റിലീഫ് വിംഗ് (I.R.W) രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയത് നമ്മുടെയൊക്കെ ഓർമകളിൽ ഉണ്ടാവും. രക്ഷാ പ്രവർത്തകർക്ക് ആവശ്യമായ സൗകര്യങ്ങൾ, ഉപകരണം, ഭക്ഷണം, താമസം തുടങ്ങിയവ ഒരുക്കുന്നതിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർണായക പങ്കുവഹിച്ചു. ദുരന്തത്തിന് പിന്നാലെ പീപ്പിൾസ് ഫൗണ്ടേഷൻ രണ്ടു റിലീഫ് സെല്ലുകൾ തുറന്നിരുന്നു. ഒന്ന് മേപ്പാടി കേന്ദ്രമാക്കിയും മറ്റൊന്ന് കോഴിക്കോട് കേന്ദ്രമാക്കിയും. രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ റിലീഫ് സെൽ സജീവ പങ്കുവഹിച്ചു.

ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ തുടർച്ചയായ ഇടപെടലുകൾ നടത്തി. ക്യാമ്പുകളിൽ നിന്ന് വാടക വീടുകളിലേക്ക് താമസം മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിൽ പെടുന്നു. ചില സന്ദർഭങ്ങളിൽ വാടക തുക പീപ്പിൾസ് ഫൗണ്ടേഷൻ വഹിച്ചു. ദുരന്തത്തിന്റെ വ്യാപ്തിയും നഷ്ടത്തിന്റെ സ്വഭാവവും കൃത്യമായി മനസ്സിലാക്കുന്നതിനായി പീപ്പിൾസ് ഫൗണ്ടേഷൻ ശാസ്ത്രീയവും ക്രമബദ്ധവുമായ സർവേ നടത്തുകയുണ്ടായി. വിദഗ്ധരുടെ സേവനം കൂടി ഉപയോഗിച്ചായിരുന്നു ഇത്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന സമഗ്ര പുനരധിവാസ പദ്ധതി രൂപപ്പെടുത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പ്രത്യേകം വെബ്സൈറ്റ് തയാറാക്കി ജിയോ മാപ്പിംഗിലൂടെ തയ്യാറാക്കിയ വീഡിയോയും പഠന റിപ്പോർട്ടും പൊതുജനങ്ങൾക്ക് ലഭ്യമാക്കി. പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവാൻ വിവിധ എൻ.ജി.ഒകൾ, സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് ഉപകാരപ്രദമായ രൂപത്തിലായിരുന്നു പഠന റിപ്പോർട്ട്. ഏഴ് കിലോമീറ്റർ ജനവാസ മേഖലയിലെ തകർന്ന വീടുകൾ, പാഡികൾ, താമസിച്ചിരുന്ന കുടുംബങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ, റോഡുകൾ, പാലങ്ങൾ, മുണ്ടക്കൈ – ചൂരൽമല പരിസ്ഥിതി ദുർബല മേഖലയിലെ വീടുകൾ തുടങ്ങി ഉരുൾ ദുരന്തത്തിന്റെ നേർ ചിത്രം ജനങ്ങളിലേക്കെത്തിക്കാൻ പഠനത്തിലൂടെ സാധിച്ചു. സർവേ കണ്ടെത്തലുകൾ ആധാരമാക്കി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ഒരു ശില്പശാല സംഘടിപ്പിച്ച് ദുരന്ത പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതി ‘അറൈസ് മേപ്പാടി’ക്ക് പീപ്പിൾസ് ഫൗണ്ടേഷൻ രൂപം നൽകി.

അറൈസ് മേപ്പാടി പ്രൊജക്റ്റ്
ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക, നഷ്ടപ്പെട്ട ജീവനോപാധികളും സാമൂഹിക സുരക്ഷയും പുനഃസ്ഥാപിക്കുക, ബിൽഡ് ബാക്ക് ബെറ്റർ (Build Back Better) എന്ന സമീപനത്തിലൂടെ ദുരന്തത്തിന് മുമ്പുള്ളതിനെക്കാൾ സുരക്ഷിതവും സ്ഥിരതയുമുള്ള ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുക, ഭാവിയിൽ സമാന ദുരന്തങ്ങൾ ഉണ്ടായാലും നഷ്ടം കുറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതിക്ക് രൂപം നൽകിയത്. ദുരന്ത പുനരധിവാസത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സർക്കാരിന് തന്നെയാണ്. സർക്കാർ പദ്ധതികൾക്ക് പൂരകമായി (complementary) വർത്തിക്കുകയാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. നടപടിക്രമങ്ങൾ പരമാവധി ലളിതമാക്കി മാനുഷിക സമീപനത്തിലൂടെ ഇടപെടാൻ കഴിയുന്നിടത്താണ് എൻ.ജി.ഒകളുടെ പ്രസക്തി. അറൈസ് മേപ്പാടി ഒരു റോഡ് മാപ്പാണ്. ദുരന്തബാധിത സമൂഹത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവശ്യമായ എല്ലാ മേഖലകളും തിരിച്ചറിയുന്ന ആസൂത്രണ രേഖ. തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉൽപ്പാദനം, സാമൂഹിക ക്ഷേമം, പാർപ്പിടം, കമ്യൂണിറ്റി ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, ദുരന്ത ലഘൂകരണ മുന്നറിയിപ്പ് മാർഗങ്ങൾ, ഡാറ്റാ മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളെ സ്പർശിക്കുന്ന ബഹുമുഖ പുനരധിവാസ പദ്ധതിയാണ് ‘അറൈസ് മേപ്പാടി’. 20 കോടിയുടെ പുനരധിവാസ പദ്ധതിയാണ് ഇതിലൂടെ നടപ്പാക്കുന്നത്. സർക്കാർ പദ്ധതികളുമായി ഏകോപിപ്പിച്ച് മറ്റ് എൻ.ജി.ഒ കൾ, സിവിൽ സൊസൈറ്റി, സി.എസ്.ആർ ഏജൻസികൾ തുടങ്ങിയവരുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കുക എന്നതാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ സ്വീകരിച്ച സമീപനം.

ഉപജീവന പുനഃസ്ഥാപനം
നാല് പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ ഉപജീവന പുനഃസ്ഥാപനം ലക്ഷ്യം വെച്ച് ആവിഷ്കരിച്ചു വിജയകരമായി നടപ്പാക്കിയത്. ഏറ്റവും പ്രധാനപ്പെട്ടത് അവിടെയുണ്ടായിരുന്ന സംരംഭങ്ങളുടെ പുനരുജ്ജീവനമാണ്. 96 കച്ചവട സ്ഥാപനങ്ങളാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മിക്ക സംരംഭങ്ങളുടെയും പുനരുജ്ജീവനം ചൂരൽമലയിലും മുണ്ടക്കൈയിലും സാധ്യമല്ലായിരുന്നു. അതുകൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംരംഭങ്ങൾ തുടങ്ങാനാണ് ഓരോരുത്തരും ആഗ്രഹിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ അർഹരായ 78 പേരെ തെരഞ്ഞെടുത്തു. 75 സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു. രണ്ട് കോടി രൂപയാണ് ഇതിലേക്കായി പീപ്പിൾസ് ഫൗണ്ടേഷൻ ചെലവഴിച്ചത്. വ്യാപാര സംഘടനകൾ ഉൾപ്പെടെ പല സംഘടനകളും നല്കിയ തുകയ്ക്ക് പുറമെയാണിത്. ഈ സ്ഥാപനങ്ങൾ പുനരാരംഭിച്ചു എന്ന് ഉറപ്പ് വരുത്താൻ പീപ്പിൾസ് ഫൗണ്ടേഷന് കഴിഞ്ഞു എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം.

സ്വയം തൊഴിൽ
100 പേർക്ക് സ്വയം തൊഴിൽ പദ്ധതിയാണ് ഉപജീവന പുനഃസ്ഥാപനവുമായി ആവിഷ്കരിച്ച രണ്ടാമത്തെ പ്രോജക്ട്. സുസ്ഥിര സ്വയം തൊഴിൽ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക പിന്തുണ, സംരംഭകത്വ വികസനം, നൈപുണ്യ പരിശീലനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി. ലഭിച്ച 70 അപേക്ഷകളിൽ 65 എണ്ണം തെരഞ്ഞെടുത്തു. രണ്ടു ലക്ഷം രൂപ വരെയാണ് പരമാവധി ഒരാൾക്ക് അനുവദിച്ചത്. മറ്റു നിലക്ക് ബാക്കി ഫണ്ട് കണ്ടെത്താൻ കഴിഞ്ഞവർക്ക് വലിയ സംരംഭങ്ങൾ തുടങ്ങാനും അനുമതി നൽകി. രണ്ട് കോടി നിക്ഷേപത്തിൽ 55 സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിക്കുകയും പ്രാദേശിക സംരംഭകത്വവും സാമ്പത്തിക സുസ്‌ഥിരതയും ശക്തിപ്പെടുത്തുകയും ചെയ്തു. നൂറിലധികം പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുന്നുണ്ട്.

നൈപുണ്യ വികസനം
നൈപുണ്യ വികസനമാണ് മൂന്നാമത്തേത്. ഫാഷൻ ഡിസൈനിങിലാണ് ആദ്യ പരിശീലനം നൽകിയത്. മലപ്പുറം ജെ.എസ്.എസ് (നിലമ്പൂർ), ബ്രിഡ്ജ് വേ ഗ്രൂപ്പ്, പെറ്റ് കോർണർ എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. പുതിയൊരു തുടക്കത്തിന് ഈ പരിശീലനം വഴിയൊരുക്കി. പരിശീലനം പൂർത്തിയാക്കിയവർക്ക് സ്വയം തൊഴിൽ ചെയ്യാനോ മറ്റു സംവിധാനങ്ങളിൽ ജോലി ചെയ്യാനോ അവസരം ലഭിച്ചു. മലപ്പുറത്തെ പോപീസ് ബേബി കെയർ (POPEES BABY CARE) എന്ന വസ്ത്രനിർമാണ കമ്പനിയുമായി സഹകരിച്ച് മേപ്പാടിയിൽ ‘ARISE GARMENTS’ എന്ന സാമൂഹിക സംരംഭം പീപ്പ്ൾസ് ഫൗണ്ടേഷന്റെ സഹായത്തോടെ സ്ഥാപിച്ചു. ദുരന്തബാധിത കുടുംബങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 30 പേർ ഇവിടെ ജോലി ചെയ്യുന്നു. പോപീസിന് വേണ്ടിയാണ് വസ്ത്രങ്ങൾ നിർമിക്കുന്നത്. ആവശ്യമായ സാമ്പത്തിക സഹായം ജെ.എസ്.എസ്, പോപീസ് ബേബി കെയർ തുടങ്ങിയവരും നൽകി. ഗുണഭോക്താക്കളുടെ പാർട്ട്ണർഷിപ്പിനാണ് സ്ഥാപനത്തിന്റെ ഉടമസ്ഥത. വയനാടിന്റെ തനത് ഉൽപ്പന്നങ്ങൾ പ്രോസസ് ചെയ്തു വിൽപ്പന നടത്തുന്ന മറ്റൊരു യൂനിറ്റാണ് ‘WAYANAROMA.’ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ എം.എസ്.എം.ഇ – ഡി.എഫ്.ഒ യുടെ സഹകരണത്തോടെ 30 പേർക്ക് ഉൽപാദന മേഖലയിൽ പരിശീലനം ലഭ്യമാക്കി. ദുരിതബാധിത കുടുംബങ്ങളിൽ നിന്നുള്ള 17 പേർ ഉൾപ്പെട്ട പാർട്ട്ണർഷിപ്പ് ഫേം രൂപീകരിച്ചു. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ പി.ഡബ്ല്യു.സി യുടെ സേവന വിഭാഗമായ പി.ഡബ്ല്യു.സി ഇന്ത്യ ഫൗണ്ടേഷൻ സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തി സാമൂഹിക സംരംഭത്തിന് ഫണ്ട് അനുവദിച്ചു. പാർട്ട്ണർഷിപ്പ് ഫേം ഉടമസ്ഥതയിൽ ആരംഭിച്ച സംരംഭം മികച്ച രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. മീഡിയാ വൺ അക്കാദമിയുടെ സഹകരണത്തോടെ വീഡിയോ പ്രൊഡക്‌ഷനിൽ 11 പേർക്കാണ് പരിശീലനം നൽകിയത്. എട്ട് പേർ മീഡിയാ രംഗത്ത് ജോലി ചെയ്യുകയും, മൂന്നു പേർ ഈ മേഖലയിൽ തന്നെ ഉപരിപഠനം നടത്തുകയുമാണ്. കമ്പ്യൂട്ടർ എനേബ്ൾഡ് സർവീസിൽ (Computer Enabled Service) 6 പേരും പരിശീലനം നേടുകയുണ്ടായി. വിവിധ ഉപജീവന പദ്ധതികളിലായി 400 തൊഴിലവസരങ്ങൾ ഇതിനോടകം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമായി കരുതുന്നു.

പെൻഷൻ പദ്ധതി
പ്രായം, വിട്ടുമാറാത്ത രോഗം, വൈകല്യം, മറ്റു കാരണങ്ങളാൽ പൂർണമായും അവശരായവർ മാത്രമുള്ള കുടുംബങ്ങൾ എന്നിവർക്കാണ് പെൻഷൻ പദ്ധതി നടപ്പാക്കിയത്. 3000 രൂപയാണ് പ്രതിമാസ പെൻഷൻ. രണ്ട് വർഷമായി 19 കുടുംബങ്ങൾക്ക് പെൻഷൻ നൽകിവരുന്നുണ്ട്.

സുരക്ഷിതമായ വീട്
2024-ലെ ദുരിതബാധിതർക്കായി പുനരധിവാസ പ്രവർത്തനങ്ങൾക്ക് നിരവധി എൻ.ജി.ഒകളും രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങി എന്നത് 2018-ലും, 2019-ലും കാണാത്ത പുരോഗതിയാണ്. വീടുകൾ നിർമിക്കും എന്ന നിരവധി സംഘടനകളുടെ പ്രഖ്യാപനം കണക്കുകൂട്ടിയാൽ ആവശ്യമുള്ളതിലും കൂടുതലായിരുന്നു. ഈ സാഹചര്യം മുൻകൂട്ടി മനസ്സിലാക്കിയാണ് ആദ്യമേ അറൈസ് മേപ്പാടി പദ്ധതിയിൽ വീട് നിർമാണത്തിന് മുഖ്യ പരിഗണന നൽകാതിരുന്നത്. എന്നിരുന്നാലും നേരിട്ടുള്ള പട്ടികയിൽ ഉൾപ്പെടാത്ത ദുരിതബാധിതരുണ്ട്. വീടും ജീവിത സുരക്ഷയും നഷ്ടപ്പെട്ടിട്ടും അന്തിമ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത കുടുംബങ്ങളുമുണ്ട്. ഈ വിഭാഗത്തെ കൂടി പരിഗണിച്ചാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ 1000 ച.അടിയിൽ 30 വീടുകളുടെ പദ്ധതി തീരുമാനിച്ചത്. ഈ 30 വീടുകൾക്കുള്ള ഗുണഭോക്താക്കളെ ഗവൺമെൻറും മറ്റ് ഏജൻസികളും അന്തിമ ഗുണഭോക്തൃ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ. സർക്കാർ പദ്ധതികളുമായി ഏറ്റുമുട്ടലുകളില്ലാതെയും ആവർത്തനം ഒഴിവാക്കിയുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ 4 ഏക്കർ ഭൂമി വാങ്ങുകയും നിർമാണം നടക്കുകയും ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തിലെ 10 വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.

വിദ്യാഭ്യാസം, ആരോഗ്യ പരിചരണം
വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ പിന്തുണയും കരിയർ മാർഗനിർദേശവും ഉൾപ്പെടുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയും അറൈസ് മേപ്പാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കായി കഴിഞ്ഞ രണ്ട് വർഷവും മോട്ടിവേഷൻ ക്യാമ്പ് കോഴിക്കോട്, വയനാട് ജില്ലകളിൽ സംഘടിപ്പിച്ചു. അനുഭവസമ്പന്നരായ പ്രഫഷനലുകളുമായി ബന്ധിപ്പിച്ച് കരിയർ ഓറിയന്റേഷൻ നൽകി വരുന്നു. അക്കാദമിക് തെരഞ്ഞെടുപ്പുകൾ, കരിയർ സാധ്യതകൾ, വ്യക്തിത്വ വികസനം എന്നിവയിൽ തുടർച്ചയായ പിന്തുണ നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
ഉരുൾ ദുരന്തം ബാധിച്ച കുടുംബങ്ങൾക്ക് ദീർഘകാല ആരോഗ്യ പിന്തുണ ഉറപ്പാക്കുന്നതാണ് ആരോഗ്യ പരിചരണം. അവശ്യ ചികിത്സ ലഭ്യമാക്കുന്നതിനായി 16 മെഡിക്കൽ കേസുകൾക്കായി 10 ലക്ഷം രൂപ ചെലവഴിച്ചു. ദുരിതബാധിതർക്ക് കൗൺസലിംഗ് നൽകാൻ മേപ്പാടിയിൽ റീജണൽ ഓഫീസിനോടനുബന്ധിച്ച് കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ട്.

ഭാവി പദ്ധതികൾ
ദുരന്തബാധിതരുടെ ദീർഘകാല പുനരധിവാസത്തിനും സാമൂഹിക ഐക്യത്തിനുമായി ഒരു സാമൂഹിക ശാക്തീകരണ കേന്ദ്രം സ്ഥാപിക്കാൻ അറൈസ് മേപ്പാടിയിൽ ഉദ്ദേശിക്കുന്നുണ്ട്. മേപ്പാടി പഞ്ചായത്തിൽ വാങ്ങിയ സ്ഥലത്ത് ഇതിനായി സ്ഥലം നീക്കിവെച്ചു. സ്കിൽ ഡെവലപ്മെന്റ്, നേതൃത്വ വികസനം, നെറ്റ്‌വർക്കിംഗ് & മെന്ററിങ് സേവനം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.

മറ്റ് ഏജൻസികളുമായി സഹകരിച്ച് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (SDF) സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ട്. ദുരിതബാധിതർക്ക് തൊഴിൽ നൽകുമെന്ന് ഉറപ്പ് നൽകുന്ന സ്ഥാപനങ്ങൾക്കും (നിബന്ധനകൾ പ്രകാരം), സ്വയം തൊഴിൽ ചെയ്യാൻ താല്പര്യമുള്ള ദുരിതബാധിതർക്കും സ്ഥലം നൽകും. 14,000 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി ആസൂത്രണം ചെയ്ത ഈ പദ്ധതിക്ക് പീപ്പ്ൾസ് ഫൗണ്ടേഷൻ വാങ്ങിയ ഭൂമിയിൽ മാസ്റ്റർ പ്ലാനിൽ സ്ഥലം വകയിരുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷയും, ദുരന്ത ലഘൂകരണ തയാറെടുപ്പും ശക്തിപ്പെടുത്തുന്നതിനായി മറ്റു എൻ.ജി.ഒകളുടെയും സർക്കാർ ഉൾപ്പെടെയുള്ള ഏജൻസികളുടെയും പങ്കാളിത്തത്തോടെ ഒരു ഏർലി വാണിംഗ് സെന്റർ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. കമ്യൂണിറ്റി എംപവർമെന്റ് പദ്ധതിയുടെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചുള്ള സാമൂഹിക ശാക്തീകരണ പദ്ധതിയാണ് അറൈസ് മേപ്പാടി. പ്രദേശവാസികൾ ഉൾക്കൊള്ളുന്ന കമ്മിറ്റിയാണ് നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ഇതൊരു വികസന മാതൃകയാണ്. എല്ലാവരെയും ചേർത്തുപിടിച്ചാണ് ഈ പുനരധിവാസ പദ്ധതി മുന്നോട്ടു പോവുക. എല്ലാവരുടെയും പിന്തുണ ഇനിയും പീപ്പിൾസ് ഫൗണ്ടേഷന് ആവശ്യമുണ്ട്.

Updates

People’s Village Dedicated to the Beneficiaries

Updates

Career Guidance Program