ഭവന പദ്ധതിയുടെ  കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രളയ പുനരധിവാസ പദ്ധതി:
ഭവന പദ്ധതിയുടെ  കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
കോഴിക്കോട്: പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന  പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്  നിര്‍വഹിച്ചു. സകാത്ത് സംവിധാനം കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാനും തൊഴില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനും ചികിത്സ നല്‍കാനും സംഘടിത സകാത് സംവിധാനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മഹല്ല്, സംഘടനതലങ്ങളില്‍ ഇതിന് പദ്ധതികള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നിട്ടിറങ്ങണം. കട്ടിപ്പാറയില്‍ നടന്ന പരിപാടി  കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം നടത്തി.  ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡണ്ട് വി.പി ബഷീര്‍ അധ്യക്ഷത വഹിച്ചു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി പി.സി ബഷീര്‍ പദ്ധതി വിശദീകരിച്ചു. ജില്ലയില്‍ പ്രളയ ബാധിതരായ 22 കുടുംബങ്ങള്‍ക്ക വീട് 30ല്‍ പരം വീടുകള്‍ അറ്റകുറ്റപണി നടത്തി വാസയോഗ്യമാക്കല്‍ അര്‍ഹരായ നിരവധികുടുംബങ്ങള്‍ക്ക് തൊഴിലുപകരണങ്ങളും ചികിത്സാ സഹായവും നല്‍കല്‍ തുടങ്ങിയവയാണ് പുനരധിവാസ പദ്ധതിയില്‍ ലക്ഷ്യം വെക്കുന്നത്.

സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപനം താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും ചികിത്സാ പദ്ധതി വിതരണോദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രനും നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ശാഹിം, കെവി അബ്ദുല്‍ അസീസ്, ജമാഅത്ത് വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ആര്‍സി സാബിറ, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് കെസി അന്‍വര്‍, എസ്.ഐഒ ജില്ലാപ്രസിഡണ്ട് പി.കെ നുജൈം, ജിഐഒ ജില്ലാ പ്രസിഡണ്ട് എം ശരീഫ, കനിവ് ഗ്രാമം പ്രസഡണ്ട് പികെ അബ്ദുറഹ്്മാന്‍ എന്നിവര്‍ സംസാരിച്ചു.
പുനരധിവാസ പദ്ധതി കണ്‍വീനര്‍ കെ അഷ്‌കര്‍ അലി സ്വാഗതവും ജമാഅത്ത് ജില്ലാ സെക്രട്ടറി സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു.
പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാനത്താകെ 500 വീടുകള്‍ നിര്‍മിച്ചു നല്‍കും. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച് 1000 വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തി താമസ യോഗ്യമാക്കുകയും ചെയ്യും.

Leave a Comment