പ്രളയ പുനരധിവാസ പദ്ധതി: ഹെല്‍ത്ത് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം

പറവൂര്‍: ദുരിതക്കയത്തിലായ കേരളത്തിന് നല്‍കാന്‍ ലോക സുമനസുകള്‍ സന്നദ്ധത പ്രകടിപ്പിച്ച സഹായം തടഞ്ഞ ലോകത്തെ ഏക പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുന്‍ മന്ത്രി എസ്.ശര്‍മ എം.എല്‍.എ. സഹായിക്കാന്‍ ആരുമില്ലാതെ ദുരിതത്തിന്‍െറ നടുവില്‍ നില്‍ക്കുമ്പോള്‍ സഹായഹസ്തവുമായത്തെുന്നത് വേണ്ടെന്ന് ആരെങ്കിലും പറയുമോ എന്ന് ശര്‍മ ചോദിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പറവൂര്‍ വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ഹെല്‍ത്ത് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പ്രളയത്തിനിരയായതോടെ മലയാളികള്‍ കുടുതല്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ ഭരണകൂടം 700 കോടിയിലധികമാണ് ആദ്യഘട്ടം സഹായം വാഗ്ദാനം ചെയ്തത്. അത്  കേട്ടയുടനെ മോദി ബിഗ്സല്യൂട്ട് ചെയ്തു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നിലപാട് മാറ്റി. അതേസമയം ഗുജറാത്തില്‍ പ്രളയമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി ലോക സഹായം തേടുകയും, സ്വീകരിക്കുകയും ചെയ്തതായി ശര്‍മ ചൂണ്ടിക്കാട്ടി.
പ്രളയം തുടച്ചുനീക്കിയ കേരളത്തിന് പുതുജീവന്‍ നല്‍കാനുള്ള ശ്രമമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്കരിച്ച പ്രളയ പുനരധിവാസ പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.മുജീബുറഹ്മാന്‍ പറഞ്ഞു. മനുഷ്യമനസുകളില്‍ ആരോ നട്ടുവളര്‍ത്തിയ വര്‍ഗീയ വിഷച്ചെടികളാണ് പ്രളയത്തില്‍ ഒലിച്ച് പോയതെന്നും, മനുഷ്യമനസുകള്‍ ഒന്നിച്ചതിന്‍െറ ഫലമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ആവാസ്ഥ വ്യവസ്ഥകളെ തകര്‍ക്കുന്ന ആര്‍ത്തിമൂത്ത വികസന കാഴ്ചപ്പാട് നാം ഉപേക്ഷിക്കണം. ദുരിതജീവിതം നയിക്കുന്ന അനേകർ നമുക്ക് ചുറ്റുപാടുമുള്ളപ്പോള്‍ എങ്ങനെ നമുക്ക് ഉറങ്ങാനും  സമാധാനത്തോടെ ജീവിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി പി.സി.ബഷീര്‍ സംസ്ഥാന പദ്ധതി വിശദീകരിച്ചു. ജിലതല്ല പദ്ധതികൾ  ജില്ലാ കോർഡിനേറ്റർ മുഹമ്മദ് ഉമർ  വിശദീകരിച്ചു.  ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എം.കെ.അബൂബക്കര്‍ ഫാറൂഖി പദ്ധതി പ്രഖ്യാപനം നടത്തി. പദ്ധതി പ്രകാരം ജില്ലയിൽ 40 പുതിയ വീടുകൾ നിർമ്മിക്കും. 180 വീടുകളുടെ അറ്റകുറ്റപണികൾ ചെയ്യും. 230 തൊഴിൽ സംരംഭങ്ങൾക്ക് സഹായം നൽകും.130 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ പദ്ധതിയും, 15 ചെറുകിട കുടിവെള്ള പദ്ധതികളും ,5 മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കും.
 പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ്.ഡി.കുറുപ്പ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂര്‍, ഐ.എം.എ പാലിയേറ്റീവ് കെയര്‍ സംസ്ഥാന കണ്‍വീനര്‍ ഡോ.സി.എം.ഹൈദറലി, മാഞ്ഞാലി മഹല്ല് ജമാഅത്ത് ഇമാം ടി.കെ.ഹസന്‍ മൗലവി അല്‍ ഖാസിമി, മൂത്തകുന്നം ഭാരത് ഹോസ്പിറ്റല്‍ പ്രതിനിധി ഡോ.സഗീര്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് റഫീഖ ജലീൽ എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍  ജോ.സെക്രട്ടറി കെ.കെ.ബഷീര്‍ സ്വാഗതവും, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.കെ.സലിം നന്ദിയും പറഞ്ഞു.

Leave a Comment