മലപ്പുറത്തെ മങ്ങാട്ടുപുലത്തുള്ള കൂലിപ്പണിക്കാരനായിരുന്നു 35 വയസ്സുകാരനായ അബ്ദുല്‍ റഷീദ്. അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമായ ഏത് ജോലിയും ഏറ്റെടുക്കാനുള്ള സന്നദ്ധതയ്ക്ക് പേരു കേട്ടവനായിരുന്നു അദ്ദേഹം. വേതനം നേടുന്നതിനുള്ള ഒരു മാര്‍ഗം എന്നതിലുപരി, അദ്ദേഹത്തിന് ജോലി ജനങ്ങള്‍ക്കുള്ള സേവനമായിരുന്നു. നാട്ടുകാര്‍ എന്തിനും ആശ്രയിച്ചിരുന്ന സ്‌നേഹ സമ്പന്നന്‍. ഒന്നര വര്‍ഷം മുമ്പ്, ജോലിക്കിടെ റഷീദ് മരത്തില്‍ നിന്ന് വീണ് അരക്കു താഴെ തളര്‍ന്നു. ശരീരത്തിന് സാരമായ പരിക്കുകള്‍ പറ്റിയെങ്കിലും മനസ്സ് തളരാതിരിക്കാന്‍ റഷീദ് ദൃഢനിശ്ചയം ചെയ്തു. ചികിത്സക്കു ശേഷം വീല്‍ ചെയറില്‍ സഞ്ചരിക്കാം എന്നായി. ധൈര്യവും വിശ്വാസവും കൊണ്ട്, പുതിയ രീതിയില്‍ തന്റെ സേവന യാത്ര പുനരാരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
രുചികരമായ ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിളമ്പുന്ന ഒരു ചെറിയ ചായക്കട ആരംഭിച്ച് ഉപജീവനം മുന്നോട്ടുപോവുക എന്ന ആശയം റഷീദ് മുന്നോട്ടുവെച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ അത് യാഥാര്‍ഥ്യമാക്കി കൊടുത്തു. ദരിദ്രരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഏരിയ കോര്‍ഡിനേറ്റര്‍ ഡോ. അക്ബറിന് മുന്നില്‍ അദ്ദേഹം തന്റെ പദ്ധതി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തിരിച്ചറിഞ്ഞ പീപ്പിള്‍സ് ഫൗണ്ടേഷന്‍, പാരാപ്‌ളീജിക് ആയവരുടെയും കുടുംബങ്ങശളുടെയും പുനരധിവാസത്തിനായി ആവിഷ്‌കരിച്ച ‘ഉയരെ’ പദ്ധതി പ്രകാരം 1.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കി.
ഇന്ന് റഷീദിന്റെ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. രുചികരമായ പലഹാരങ്ങളും പാനീയങ്ങളും ലഭിക്കുന്ന അദ്ദേഹത്തിന്റെ സംരംഭത്തിന് ഇന്ന് മലപ്പുറം മങ്ങാട്ടുപുലം പാലത്തിന് സമീപം തുടക്കം കുറിച്ചു. ആതേ സ്ഥാപനത്തില്‍ തന്നെ റഷീദിന്റെ ഭാര്യ ടൈലറിങ് ഷോപ്പും ആരംഭിച്ചു. തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ഈ സംരംഭത്തിലൂടെ റഷീദ്. ജനങ്ങളെ സേവിക്കുന്നത് പല രൂപങ്ങളിലാകാമെന്ന് അദ്ദേഹം തെളിയിച്ചു – പ്രതിരോധശേഷിയും പിന്തുണയും ഉണ്ടെങ്കില്‍, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒരാള്‍ക്ക് വീണ്ടും ഉയര്‍ന്നുവരാന്‍ കഴിയുമെന്നും. വിധിക്കു കീഴടങ്ങാന്‍ തയ്യാറല്ലെന്നും ബോധ്യപ്പെടുത്തിയിരിക്കുകയാണ് റഷീദ്.
പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനാന്‍ എം. അബ്ദുല്‍ മജീദ് സ്ഥാപനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. അക്ബര്‍ അധ്യക്ഷത വഹിച്ചു. വി.ടി. അബ്ദുസമദ്, പ്രഭാകരന്‍, തറയില്‍ അബു, ജാബിര്‍ വാഴക്കാട്, നിസാര്‍ ബാഖവി, സി.പി. ജഹ്ഫറലി, നബീല്‍ പൂവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.