ആരും കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ചൂരല്‍മലക്കാരന്‍ നസീറിന്റെ കഥ

Picture of <span>Peoples Foundation</span>

Peoples Foundation

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തത്തിന് ഒരു വര്‍ഷം..

ഇത് നസീര്‍, ഇയാളെ ആരും ഇതുവരെയും ഒരു മാധ്യമത്തിലൂടെയും കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല. ഒരു ക്യാമറക്കുമുന്നിലും ഇന്നുവരെയും ഇയാള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരു ആനുകൂല്യങ്ങളും ആരോടും ചോദിച്ചുവാങ്ങിയിട്ടില്ല. ഇതുവരെയും ആരും കാണുകയും കേള്‍ക്കുകയും ചെയ്യാത്ത നസീറിന്റെ കഥ ഇതാണ്.

ചൂരല്‍മല-ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരുമാസത്തിനുശേഷം പീപ്പിള്‍സ് ഫൗണ്ടേഷന്റെ കാപ്പംകൊല്ലിയിലെ ഓഫീസിലിരിക്കുമ്പോളാണ് നസീര്‍ കടന്നുവരുന്നത്. കൂടെ പ്രായമായ ഒരാളും ഉണ്ടായിരുന്നു. ഞാന്‍. ഇരിക്കാന്‍പറഞ്ഞു. ‘നിങ്ങള്‍ക്ക് ഇയാളെയൊന്ന് സഹായിക്കാന്‍ പറ്റുമോ’ എന്ന് ആ മനുഷ്യനെ കാണിച്ച് നസീര്‍ എന്നോട് ചോദിച്ചു. ഞാന്‍ എന്താണ് കാര്യമെന്ന് അന്വേഷിച്ചു. നസീര്‍ പറഞ്ഞു. ‘ഇയാള്‍ നീലിക്കാപ്പ് സ്വദേശിയാണ്. ചെവികേള്‍ക്കല്‍ കുറവാണ് പ്രായം 70 ആയിട്ടുണ്ടാവും. ഇദ്ദേഹത്തിന്റെ ആദ്യഭാര്യ മരണപ്പെട്ടു. അതിനുശേഷം മറ്റൊരു വിവാഹം കഴിച്ചു. അതിലൊരു മകനുണ്ട്. അവന് 12 വയസ്സാണ് പ്രായമുള്ളൂ. അവന്‍ നിത്യരോഗിയാണ്. ഇയാള്‍ക്കാണെങ്കില്‍ പണിയൊന്നും ഇല്ല. കൂടാതെ ആസ്തമ രോഗികൂടിയാണ്. വരുമാനത്തിന് യാതൊരു മാര്‍ഗവുമില്ല. മകന്റെ ചികിത്സ കല്‍പ്പറ്റ ഗവണ്മെന്റ് ആശുപത്രിയിലാണ്. മൂന്ന് ദിവസം കൂടുമ്പോള്‍ ഫിസിയോ തെറാപ്പിക്ക് കൊണ്ടുപോകണം. അതിന് ഓട്ടോക്ക് കൊടുക്കാന്‍പോലും പണമില്ല. നിങ്ങള്‍ ഇയാള്‍ക്കുവേണ്ടി എന്തെങ്കിലും സഹായം ചെയ്യുകയാണെങ്കില്‍ വലിയ കാര്യമാകും. ഞാനൊക്കെയായിരുന്നു ഇതുവരെയും ഇയാളെ സഹായിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ എനിക്ക് അതിന് കഴിയില്ല’.

ഞാന്‍ നസീറിനോട് പറഞ്ഞു. ‘ഇത് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ള സംവിധാനമാണ്. ഇയാളാണെങ്കില്‍ അത് ബാധിക്കാത്ത സ്ഥലത്തുള്ളതുമാണ്. എന്നാലും പീപ്പിള്‍സ് ഫൗണ്ടേഷന്റെ ബൈത്തുസ്സക്കാത്ത് വഴി നമുക്ക് ഇയാള്‍ക്കുവേണ്ടത് ചെയ്യാന്‍പറ്റുമോന്ന് നോക്കാം. അതിനായി ചില രേഖകള്‍ നിങ്ങള്‍ കൊണ്ടുവന്നാല്‍ ഞാന്‍ ഇവിടെനിന്ന് അത് ഓണ്‍ലൈനായി മകന്റെ ചികിത്സ സഹായത്തിന് അപേക്ഷിക്കാം’. വേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞ് നസീര്‍ അയാളെയും കൂട്ടി പോയി.

ഈ കഥ പ്രായമുള്ള ഈ മനുഷ്യന്റേതല്ല. കഥയിലെ കഥാപാത്രം നസീറാണ്. പിറ്റേന്ന് രാവിലെ നസീര്‍ രേഖകളുമായി വന്നു. ഞാന്‍ ഓണ്‍ലൈനായി വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. നസീര്‍ അപ്പോളും അവനെപ്പറ്റി ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല. അതുകഴിഞ്ഞ് ഞാന്‍ നസീറിനെ പരിചയപ്പെട്ടു. പേരുചോദിച്ചു, വീടെവിടെയാണെന്ന് ചോദിച്ചു. ഒന്ന് നിശബ്ദനായി നസീര്‍ മെല്ലെ പറഞ്ഞു. ‘എന്റെ പേര് നസീര്‍, ഞാന്‍ ഗള്‍ഫിലായിരുന്നു, ഞാനായിരുന്നു ഇയാളെ സഹായിച്ചുകൊണ്ടിരുന്നത്. ഗള്‍ഫില്‍നിന്നും ഒരുമാസം മുന്‍പാണ് ഞാന്‍ വന്നത്. എന്റെ വീട് ചൂരല്‍മലയിലാണ്, അവിടെ സ്‌കൂള്‍ റോഡില്‍’.

ഉരുളെടുത്ത നസീറിന്റെ വീട്

നസീര്‍ ചൂരല്‍മലക്കാരനാണെന്ന് എനിക്കപ്പോളാണ് മനസിലാക്കുന്നത്. പിന്നെ ഞാന്‍ വിവരങ്ങള്‍ ഓരോന്നായി ചോദിക്കാന്‍ തുടങ്ങി. അതുവരെ ഞാന്‍കണ്ട നസീറായിരുന്നില്ല പിന്നീട്. ആ മനുഷ്യന്റെ മനസ്സില്‍ കെട്ടിക്കിടന്നിരുന്ന കാര്‍മേഘം മെല്ലെ പെയ്യാന്‍ തുടങ്ങി.

‘ഞാന്‍ 20 വര്‍ഷമായി ഗള്‍ഫിലാണ്, സൗദി, ഒമാന്‍, ദുബായ് അങ്ങിനെ പല രാജ്യങ്ങളിലായിരുന്നു. അവസാനം ദുബൈയിലായിരുന്നു. അവിടെ ഹോട്ടലില്‍ പൊറോട്ടപ്പണിയായിരുന്നു. ഉരുള്‍പൊട്ടലിന്റെ പിറ്റേന്നാണ് ഞാന്‍ വിവരമറിഞ്ഞ് വന്നത്. എന്റെ വീട്, ഭാര്യ, മകന്‍, സഹോദരി, ഭര്‍ത്താവ് എല്ലാരും പോയി. എനിക്ക് രണ്ട് മക്കളായിരുന്നു. ഒരു മകനും ഒരു മകളും, മകന് 19 വയസ്, നല്ല ഫുട്ബാള്‍ പ്ലെയറായിരുന്നു, പൂനയിലൊക്കെപോയി ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. അവന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു, കൂടെ ഐ ഫോണ്‍ ടെക്നീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കി, മകള്‍ ബത്തേരിയില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പഠിക്കുന്നു. അന്ന് മകള്‍ കോളേജിലായിരുന്നതുകൊണ്ട് അവള്മാത്രം ഇന്നുണ്ട്’. ‘ഞാന്‍ അവസാനം വന്നുപോയിട്ട് മൂന്ന് വര്‍ഷവും 20 ദിവസവും കഴിഞ്ഞിരുന്നു. നാട്ടിലേക്കുവരാനുള്ള തയ്യറെടുപ്പിലായിരുന്നു. മക്കളുടെ പഠനവും, കൂടെ പുതിയ വീടുവെച്ചതിന്റെ ബാധ്യതയും ഒക്കെയാണ് മൂന്ന് വര്‍ഷമായി എനിക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാതിരുന്നത്. പുതിയ വീടുണ്ടാക്കിയിട്ട് ഞാന്‍ അതില്‍ താമസിച്ചിട്ടില്ല. ആറുമാസം മുന്‍പാണ് വീട്ടില്‍ കൂടിയത്. 5 ലക്ഷം മുടക്കി പുഴയുടെ സൈഡില്‍ വലിയ റിട്ടേണ്‍ വാള്‍ കെട്ടിയിരുന്നു. അങ്ങോട്ടൊന്നും വെള്ളംകയറുമെന്നു സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. 85 ലക്ഷം മുടക്കിയാണ് എന്റെ വീടിന്റെ മൊത്തം പണി കഴിഞ്ഞത്, ഞാന്‍ ഇപ്പോള്‍ നാട്ടിലേക്ക് വരുമ്പോള്‍ എന്റെ അക്കൗണ്ടില്‍ 4500 രൂപയാണ് ഉണ്ടായിരുന്നത്. അതുതന്നെ എന്തോ പെന്‍ഷന്‍ പൈസ കയറിയതായിരുന്നു.’

ഇത്രേം കാര്യങ്ങള്‍ നസീര്‍ ഒറ്റയടിക്ക് പറഞ്ഞതല്ല. ഈ കഴിഞ്ഞ ഒരുവര്‍ഷത്തിനിടക്ക് പലപ്പോളായി എന്നോട് പറഞ്ഞതാണ്. ചിലത് കഴിഞ്ഞ ദിവസം രാത്രി ഞാന്‍ ഫോണിലൂടെ അര മണിക്കൂറിലധികം സംസാരിച്ചപ്പോളാണ് വീടിന്റെയും മറ്റും കാര്യങ്ങള്‍ പറയുന്നതുപോലും.

ഇതാണ് നസീര്‍. നസീര്‍ തന്റെ കഥകള്‍ ആരോടും ഇതുവരെയും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ അടുത്തുനിന്നും ഇന്നുവരെ ഒരു സാധനംപോലും വാങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരിടത്തും നസീറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കാണാന്‍ തരമില്ല. ഈ ഒരുവര്‍ഷത്തിനിടക്ക് നസീറിന് കിട്ടിയ സഹായങ്ങള്‍പോലും നസീര്‍ ആദ്യംപറഞ്ഞ ആളെപ്പോലുള്ളവരുടെ വിഷമങ്ങള്‍ അറിയുമ്പോള്‍ അവര്‍ക്ക് എടുത്തുകൊടുക്കാറാണ് പതിവ്. ഉദ്യോഗസ്ഥന്മാര്‍ നസീറിനെ അന്വേഷിച്ചപ്പോള്‍ ഗള്‍ഫിലേക്ക് തിരിച്ചുപോയി എന്നാണത്രെ അവിടുത്തെ ആളുകള്‍ പറഞ്ഞത്.

നസീര്‍ ഇപ്പോളും മേപ്പാടിയിലെ കാപ്പംകൊല്ലിയിലെ ഒറ്റമുറി വാടക കെട്ടിടത്തില്‍ ഉണ്ട്. ഒറ്റക്കാണ്. മകള്‍ നസിയ ബത്തേരിയില്‍ ഹോസ്റ്റലിലാണ്. ഇടക്ക് മകള്‍ വരുമ്പോള്‍ അവളുടെ ഉമ്മയുടെ വീട്ടിലേക്ക് പോകും. അല്ലാത്തപ്പോളൊക്കെ ഒറ്റക്ക് കാപ്പംകൊല്ലിയിലെ റൂമിലാണ്. ഇന്നലെ രാത്രിയിലെ സംസാരത്തില്‍ ‘നാളെ ചൂരല്‍മലയിലേക്ക് പോകുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു,’. പോകണം ഇന്‍ഷാ അല്ലാഹ്. പക്ഷെ, രാവിലെ പോകുന്നില്ല. അവിടെ എല്ലാരേയും കാണുമ്പോള്‍ എന്തോ വല്ലാത്ത പ്രയാസമാണ്. ഇവിടെ ഒറ്റക്കാകുമ്പോള്‍ ഓളും മോനുമൊക്കെ ഇടക്ക് വരും, എന്നിട്ട് എന്നെ സമാധാനിപ്പിക്കും, എന്നെ സന്തോഷിപ്പിക്കും, എനിക്ക് ധൈര്യം തന്നുകൊണ്ടിരിക്കും. ഓരിപ്പോളും മരിച്ചുപോയി എന്ന് എനിക്ക് തോന്നണില്ല.’

നസീറിന് തുണയായി പരിചയപ്പെട്ട അന്നുമുതല്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ കൂടെയുണ്ട്. പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നസീറിന്റെ ഒരു വാടക ഷോപ് കുറച്ചുനാള്‍ മുന്‍പ് കാപ്പംകൊല്ലിയില്‍ തുറന്നിട്ടുണ്ട്. ഇപ്പോള്‍ രാവിലെയാകുമ്പോള്‍ ഷോപ്പ് തുറക്കും. ‘അല്‍ഹംദുലില്ലാഹ് ഇന്ന് ചിലവിനുള്ളതെല്ലാം ഈ ഷോപ്പുകൊണ്ട് കിട്ടുന്നുണ്ടെന്ന് നസീര്‍ പറയുന്നു. കൂടെ ഒരു കാര്യംകൂടി. ‘ഉരുള്‍പൊട്ടലില്‍ അനാഥരായിപ്പോയ വിധവകള്‍, ആണ്‍മക്കളില്ലാത്ത കുടുംബങ്ങള്‍ അങ്ങിനെ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ആരെങ്കിലും വീട് വെച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനാവശ്യമായ സാധനങ്ങള്‍ വാടകയില്ലാതെ ഞാന്‍ കൊടുക്കാം.’

പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹായത്താല്‍ ആരംഭിച്ച നസീറിന്റെ റെന്റല്‍ ഷോപ്പ് ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

ഒരുപക്ഷെ നസീറിനെപ്പോലെ ഒരിടത്തും മുഖംകാണിക്കാത്ത ആളുകള്‍ വേറെയുമുണ്ടായിരിക്കാം. അവര്‍ ഒന്നിനോടും ഒരു പരാതിയുമില്ലാതെ അവിടെ എവിടെയെങ്കിലും ഒതുങ്ങിക്കൂടുന്നുണ്ടായിരിക്കാം.

Updates

People’s Village Dedicated to the Beneficiaries