” ഇവിടെ എന്നല്ല കേരളത്തിലെ മിക്ക റീഹാബിലിറ്റേഷന്‍ സെന്ററുകളിലും ബെഡ് കിട്ടാനില്ല, മിക്കയിടങ്ങളിലും വെയ്റ്റിംഗ് ആണ്.. മുന്നേ മദ്യാസക്തി ഉള്ളവരായിരുന്നു എങ്കില്‍ ഇന്ന് പല രീതിയില്‍ ഉള്ള സിന്തറ്റിക്ക് ഡ്രഗ്‌സിനും അഡിക്ടായ കുട്ടികളാണ് ബെഡുകളില്‍ നിറയെ, മദ്യത്തിനു അഡിക്റ്റ് ആയ ഒരു വ്യക്തിയെക്കാള്‍ റിക്കവറി സാധ്യതയും ഇത്തരത്തിലുള്ള ഡ്രഗ്ഗ്‌സിന് കുറവാണ്” ഈ ഇടക്ക് കേരളത്തിലെ പ്രശസ്തമായ ഒരു റീഹാബിലിറ്റേഷന്‍ സെന്ററില്‍ സേവനം ചെയ്യുന്ന എന്റെ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ കാര്യങ്ങളാണിത്. കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ 2024-ല്‍ മാത്രം, കേരളത്തില്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (NDPS) ആക്ടിന് കീഴില്‍ 24,517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ഇത് 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 330% വര്‍ധനവാണ്. ഈ കണക്ക് വച്ച് നോക്കുമ്പോള്‍ നമ്മുടെ വീടുകളില്‍ ഉള്ള കൗമാരക്കാരായ കുട്ടികളുടെ മുന്നിലേക്ക് ഒരിക്കലെങ്കിലും ഈ ഗണത്തില്‍പെട്ട ഏതെങ്കിലും ഒരു ഡ്രഗ്ഗ് എത്തിയതായി നാം മനസ്സിലാക്കേണ്ടി വരും, എന്റെ അടുത്ത് ഡ്രഗ്ഗ് അഡിക്ഷന്‍ പ്രശ്‌നവുമായി വന്ന ഒരു കൗമാരക്കാരനും ഇതേ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ടാണ് കൗമാരക്കാര്‍ പ്രശ്‌നക്കാരായി മാറുന്നത്?
ഒറ്റ നോട്ടത്തില്‍ കൗമാരത്തെയാണ് എല്ലാവരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇത് അപകടകരമായ ഒരു പ്രവണതയാണ് യഥാര്‍ഥത്തില്‍ കൗമാരത്തിന്റെ ശാരീരിക മാനസിക അവസ്ഥകളെ മുതലെടുക്കുകയാണ് ഡ്രഗ്ഗ് മാഫിയകള്‍. കൗമാരം എല്ലാകാലത്തും ഇതുപോലെ തന്നെയാണ് പുതിയ കാര്യങ്ങളെ പരീക്ഷിക്കാനും അപക്വമായി എടുത്ത് ചാടാനും ഉള്ള ത്വര കൗമാരത്തിന്റെ സ്വാഭാവിക രീതിയാണ്. എന്നാല്‍, വളരെ വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ടെക്നോളജിയും ലഹരിയുടെ രൂപത്തിലും വീര്യത്തിലും വന്നിട്ടുള്ള മാറ്റമാണ് ഇത്രയും വലിയ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നത്. കൗമാരക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും കൃത്യമായ ബോധവത്കരണം നല്‍കുക എന്നതാണ് ഇവിടെ പ്രധാനമായ കാര്യം.
എന്തൊക്കെ മാനസിക പ്രശ്‌നങ്ങളാണ് ഇത്തരത്തിലുള്ള ഡ്രഗ്ഗ്സുകള്‍ വരുത്തി വക്കുന്നത്?
പല രീതികളിലായാണ് ഡ്രഗ്ഗ്സുകള്‍ കുട്ടികളിലേക്ക് എത്തുന്നത്. ഒന്ന് പ്രധാനമായും സുഹൃത്തുകളുടെ രൂപത്തിലാണ് ഇതൊക്കെ സാധാരണമാണെന്നും വലിയ അപകടങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും ടെന്‍ഷന്‍ കുറയ്ക്കും, ആനന്ദം കൂട്ടും തുടങ്ങിയ തെറ്റിദ്ധാരണകള്‍ സമാന പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ ജനിപ്പിക്കുന്നു. എന്നാല്‍, ഇവ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ വലുതാണെന്നത് ഈ ട്രാപ്പില്‍ പെടുമ്പോള്‍ മാത്രമാണ് അവര്‍ തിരിച്ചറിയുന്നത്.
മാനസിക ആരോഗ്യത്തെ എങ്ങനെയാണ് സിന്തറ്റിക്ക് ഡ്രഗ്ഗുകള്‍ ബാധിക്കുന്നത് എന്നത് നോക്കാം. ഇത്തരത്തിലുള്ള ഡ്രഗ്സുകള്‍ മാനസിക സമതുലിതാവസ്ഥ തകര്‍ക്കുന്നു, ഇത് ആംഗ്‌സൈറ്റി, ഡിപ്രഷന്‍, പാരനോയ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, LSD പോലുള്ള മരുന്നുകള്‍ ഹാലൂസിനേഷന്‍സ് (ഇല്ലാത്ത കാഴ്ചകള്‍, തോന്നല്‍, അനുഭവങ്ങള്‍) ഉണ്ടാക്കുന്നു, ഇത് സൈക്കോസിസ് (മാനസിക വിഘടനം) എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കും. ആത്മഹത്യ ചിന്തകള്‍ വര്‍ധിക്കുന്നു. കേരളത്തില്‍, മയക്കുമരുന്ന് ഉപയോക്താക്കളില്‍ 40% പേര്‍ക്ക് ഡിപ്രഷന്‍ അല്ലെങ്കില്‍ ആംഗ്‌സൈറ്റി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത്തരത്തിലുള്ള മരുന്നുകള്‍ക്ക് അടിമപെട്ടതിനു ശേഷം അവ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും (ഉദാഹരണത്തിന്, വിറക്കല്‍, ഛര്‍ദ്ദി, തലവേദന), മാത്രമല്ല ഇത്തരം മരുന്നുകളില്ലാതെ സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ രൂപപ്പെടും. ഇത്തത്തിലുള്ള സിന്തറ്റിക് മരുന്നുകള്‍ പഠനത്തെയും ചിന്താശേഷിയെയും ഗുരുതരമായി ബാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു, ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. കേരളത്തില്‍, മയക്കുമരുന്ന് ഉപയോക്താക്കളായ വിദ്യാര്‍ഥികളില്‍ 60% പേര്‍ പഠനത്തില്‍ പരാജയപ്പെടുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. മാത്രമല്ല, ഇത്തരത്തിലുള്ള മയക്കുമരുന്നുകള്‍ വാങ്ങാന്‍ പണം ആവശ്യമായി വരുമ്പോള്‍ മോഷണം, കള്ളക്കടത്ത് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായി ഇവര്‍ മാറുന്നു.
എങ്ങനെ പരിഹരിക്കാം?
1. വേണ്ട എന്ന് പറയാന്‍ പഠിക്കുക: മയക്ക് മരുന്ന് എന്നതല്ല നിങ്ങളുടെ ആരോഗ്യത്തിനു ദോഷകരമായ എന്ത് കാര്യവും അത് ചെയ്യാന്‍ ആവശ്യപ്പെടുന്നത് അടുത്ത സുഹൃത്തോ എത്ര മുതിര്‍ന്ന ആളോ ആവട്ടെ വേണ്ട എന്ന് പറയാന്‍ പരിശീലിക്കുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്നും ഉപകരിക്കുന്ന ഒന്നാണ്
2. ആരോഗ്യകരമായ ജീവിതശൈലി ക്രമപ്പെടുത്തുക: നല്ല ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, കളിക്കുക, നന്നായി ഉറങ്ങുക.
3. നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക: നല്ല സുഹൃത്ത് എന്നതിന്റെ ഏക മാനദണ്ഡം നിങ്ങളെ നശിപ്പിക്കാത്ത സുഹൃത്ത് എന്നത് മാത്രമാണ്, ഒരു നല്ല സുഹൃത്ത് ഒരിക്കലും നിങ്ങള്‍ക്ക് ഉപദ്രവകരമായ ഒന്നും നിങ്ങളോട് ആവശ്യപ്പെടില്ല
4. മുതിര്‍ന്നവരോട് സംസാരിക്കുക: നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, മാതാപിതാക്കളോടോ, അധ്യാപകരോടോ, സൈക്കോളജിസ്റ്റിനോടോ സംസാരിക്കൂ. അവര്‍ നിങ്ങളെ സഹായിക്കും.
5. നിങ്ങളുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: നിങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ നിറവേറ്റാനാകും. മയക്കു മരുന്നുകള്‍ നിങ്ങളെ അതില്‍ നിന്ന് വ്യതിചലിപ്പിക്കും എന്നത് തീര്‍ച്ചയാണ്.
6. മയക്കു മരുന്ന് വിരുദ്ധ ക്യാമ്പയിനുകളില്‍ പങ്കെടുത്ത് നിങ്ങളുടെ സുഹൃത്തുക്കളെയും അവബോധമുള്ളവരാക്കുക.
ജീവിതം പരന്നു നീണ്ടു കിടക്കുന്ന അത്ഭുത പ്രതിഭാസമാണ്. നാളെ നിങ്ങളെ കാത്തിരിക്കുന്ന വിജയങ്ങള്‍ അതിമഹത്തരമായതാവാം. ഒരു നിമിഷത്തിന്റെ ആസക്തിയിലോ പ്രലോഭനത്തിലോ അടിമപ്പെടുത്തേണ്ട നിസ്സാരമായ ഒരാളല്ല നിങ്ങള്‍.
(പീപ്പിള്‍സ് ഫണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശ്വാസ് കൗണ്‍സലിങ് സെന്ററിലെ സൈക്കോളജിസ്റ്റ് ആണ് ലേഖകന്‍)